മുംബൈ: പരിക്കേറ്റ പ്രതിക റാവലിനു പകരം ഷെഫാലി വര്‍മ ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരേ നടന്ന ലീഗ് റൗണ്ടിലെ അവസാന മത്സരത്തിനിടെ പ്രതികയുടെ വലതു കാലിനു പരിക്കേറ്റതാണ് വിനയായത്.
25കാരിയായ പ്രതിക, ലീഗ് റൗണ്ടില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ ആറ് ഇന്നിംഗ്സില്‍നിന്ന് 308 റണ്‍സ് നേടി. ഈ ലോകകപ്പിലെ ലീഗ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ സഹ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്കു (365) പിന്നില്‍ രണ്ടാം സ്ഥാനത്തും പ്രതിക റാവല്‍ ഉണ്ടായിരുന്നു.
ലോകകപ്പ് സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നാളെ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ x ഓസ്ട്രേലിയ സെമി.